സമസ്യ...

Monday, November 01, 2010

പലായനങ്ങൾ, മരണത്തിന്റെ മിനിയേച്ചറുകളാണ്

ദിവസങ്ങളായി.. മാസങ്ങളായി വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരുന്ന കാഴ്ചകള്‍, ചെയ്തികള്‍, കണ്ടുമുട്ടിയിരുന്ന മുഖങ്ങള്‍

ഇതെല്ലാം പെട്ടെന്ന് ഒരു പ്രഭാതത്തില്‍ അന്യമാവുമ്പോള്‍ നെഞ്ചില്‍ ഭാരമേറുന്നത് മരണത്തിനു വേണ്ടിയുള്ള പ്രാക്റ്റീസ് ആണ്

സുഹൃത്തുക്കളോട് യാത്ര പറയുമ്പോള്‍ അവസാനത്തെ പിടച്ചിലിന്റെ വേദന ശരീരത്തിനല്ല, മനസ്സിനായിരിക്കും എന്ന് ഊഹിക്കാം

ഒന്നും എല്ലായ്പോഴും സ്വന്തമല്ല.. ഒരിക്കലും സ്വന്തം ആയിരുന്നില്ല എന്നുള്ള ഉണര്‍ത്തലാണ് യാത്രകള്‍

പലായനങ്ങള്‍ മരണത്തിന്റെ മിനിയേച്ചറുകളാണ്

"നീ ചികഞ്ഞു ചികഞ്ഞു നോക്കരുത്

ചികഞ്ഞു നോക്കിയാല്‍, നിനക്ക് ഒന്നും സ്വന്തമല്ല.

നദി സമുദ്രത്തിനോട് ചേരുന്നിടത്ത്,

നദി ഇല്ലാതാവുന്നു, സമുദ്രം മാത്രം"

Saturday, April 03, 2010




ഗുർഗാഒൻ.... ഇവിടെ എത്തും വരെ കേട്ടിട്ട് പോലും ഇല്ലായിരുന്നു ഇങ്ങനെ ഒരു സിറ്റിയെക്കുറിച്ച്....ഇന്ദ്രപ്രസ്ഥത്തിന് അടുത്താണെങ്കിൽ പോലും.....
അല്ലെങ്കിൽ തന്നെ തെക്കേ അറ്റത്തു കിടക്കുന്ന നമ്മൾക്കെന്തു കാര്യം ഇതൊക്കെ അന്വേഷിക്കാൻ ... അല്ലേ?
ഇന്ത്യ..... ഒരു രാജ്യം... ഈ ഒരു വികാരം തോന്നിക്കുന്ന, ക്രിക്കറ്റല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ?.... ഞാൻ കുറേ നാളായി അന്വേഷിച്ചു നടക്കുന്നു. കിട്ടിയില്ല....
അതു പോട്ടെ.. ഗുർഗാനിലേക്ക് തിരിച്ച് വരാം.... വേറെ ഒരു ഗ്രഹത്തിൽ എത്തിയത് പോലെ തോന്നി എനിക്ക് പലപ്പോഴും.
പുറത്ത് ശ്വസിക്കാൻ പ്രാണവായു ഇല്ലാത്ത ഗ്രഹങ്ങളിൽ കൂടാരങ്ങൾ കെട്ടി ജീവിക്കുന്ന മനുഷ്യരെ ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുണ്ട്... എനിക്ക് വ്യത്യാസങ്ങൾ ഒന്നും തോന്നിയില്ല....
മരങ്ങളില്ലാത്ത, തണലുകൾ ഇല്ലാത്ത ഒരു തരിശുഭൂമിയിൽ കുറേ കുറേ കെട്ടിടങ്ങൾ....
പ്രാണവായു നിറച്ചിട്ടിരിക്കുന്ന കുറേ ക്യാപ്സ്സൂളുകൾ... അതിനകത്തു കയറി ഇരുന്നാൽ നിനക്കു നിലനിൽക്കാം....
അല്ലെങ്കിൽ സൂര്യന്റെ ഉഗ്രതാണ്ഡവം എന്താണെന്ന് നീ അറിയും....
ബിസിനസ്സ് റ്റുഡേ മാഗസിന്റെ റിസർച്ച് പ്രകാരം ഇന്ത്യയിൽ ജോലി ചെയ്യാൻ ഏറ്റവും നല്ല സിറ്റി ഗുർഗാ‍ഒൻ ആണത്രെ...(വിക്കിപീഡിയ പറയുന്നതാണേ....)
ഞാൻ ശ്രദ്ധിച്ചത് അതൊന്നുമല്ല... പല കമ്മ്യ്യണിറ്റികളിലേയും ടോപ് പോൾ കിട്ടിയ ടോപിക് തന്നെ....ഗേൾസ് ഏന്റ് ഗ്ഗ്ലാമർ.... ചിലപ്പോൾ പ്രായത്തിന്റെ കുഴപ്പമാവാം....
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംങ് മാൾ ഉള്ളതും ഇവിടെ തന്നെ...
എന്തൊക്കെ ആയാലും, ഏക്കറു കണക്കിന് ഭൂമി സ്വന്തമാക്കി പല കർഷകരേയും ലക്ഷാധിപതികൾ ആക്കിയ DLF പോലുള്ള ദീർഘവീക്ഷണമുള്ള സംരംഭങ്ങൾക്ക്, എന്തേ ഇതൊരു അന്യഗ്രഹമാക്കി നിലനിർത്താൻ തോന്നിയത് എന്നൊരു ചിന്ത മാത്രം ബാക്കി....


Monday, March 15, 2010

Jim Morrison

people are strange,

when you are a stranger.

faces look ugly,

when you are alone...

women seem wicked,

when you are unwanted.

the streets are uneven,

when you are down....

when you are strange...

faces come out of the rain.

when you are strange..

no one remembers your name...

when your are strange...

ജിം മോറിസണ്‍ പറഞ്ഞത് ഏകാന്തതയെക്കുറിച്ചായിരുന്നു.ബന്ദ്ദങ്ങളുടെ കെട്ടുപാടുകള്‍ കുടഞ്ഞെറിഞ്ഞ് ഒറ്റപ്പെട്ട ഒരു ദ്വീപ് ആയി മാറുന്നതിന്റെ സൌഖ്യം അയാള്‍ അറിഞ്ഞിരുന്നിരിക്കണം.മരണം എന്ന റിയാലിറ്റിയെ കുറിച്ച് തിളങ്ങുന്ന കണ്ണുകളോടെ സംസാരിച്ചിരുന്ന ഒരാള്‍...

ജീവിതത്തില്‍ അനുഭവിക്കാന്‍ മരണം മാത്രം ബാക്കിയായ ഒരാള്‍...

സ്വന്തം ശരീരത്തോടും ആത്മാവിനോടും ചെയ്തുകൂട്ടിയ അനേകം പരീക്ഷണങ്ങളില്‍ മറ്റൊന്നായി മരണത്തേയും കാണാന്‍ കഴിഞ്ഞിരുന്നു ജിമ്മിയ്ക്ക്.

അറുപതുകളില്‍ ലോകത്തെ മുഴുവന്‍ ആവേശത്തില്‍ ആറാടിച്ച ആ ശബ്ദത്തിന് ഇന്നും ആരാധകര്‍ ഏറെ.

The Doors-ന്റെ ശബ്ദം ആയി ആണ് ലോകം ജിമ്മിയെ അറിഞ്ഞിരുന്നതെങ്കിലും,

അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ആ‍ദ്യത്തേത് 'കവി' ആയിരുന്നു. ഓരോ ആവര്‍ത്തി കേള്‍ക്കുമ്പോഴും പുത്തനാശയങ്ങള്‍ക്ക് ചൂണ്ടയിടുന്ന ആ വരികള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. The End ഓരോ പ്രാവശ്യവും അതിന്റെ സ്രഷ്ടാവിനെ വ്യത്യസ്ത തലങ്ങളില്‍ എത്തിച്ചിരുന്നതായി ജിം മോറിസണ്‍ തന്നെ സമ്മതിച്ചിട്ടുള്ളതായി കാണാം. പലപ്പോഴും വരികള്‍ സ്രഷ്ടിക്കപ്പെട്ടിരുന്നത് വേദികളില്‍ വച്ചു തന്നെ ആയിരുന്നു. ആ നിമിഷ കവിതകള്‍ പശ്ചാത്തലത്തില്‍ ഇളകി കൊണ്ടിരുന്ന മായിക സംഗീതത്തില്‍ അലിയിച്ചെടുക്കുന്ന ജാലവിദ്യ ജിം മോറിസണ് മാത്രം സ്വന്തം.

ബോധത്തിന്റേയും ബ്ലാക്ക് ഔട്ടിന്റേയും ഇടയില്‍ ജിമ്മി പുലമ്പിയതെല്ലാം ലോകം നെഞ്ചിലേറ്റി. ആ ശബ്ദത്തിനു മുന്നില്‍, ആകര്‍ഷണത്തിനു മുന്നില്‍ ആരാധകര്‍ മുട്ടുകുത്തി.

പ്രശസ്തി വാനോളം എത്തിയിട്ടും അയാള്‍ അസ്വസ്ഥനായിരുന്നു. കാണാത്ത, അനുഭവിക്കാത്ത 'Other side'-നെ ക്കുറിച്ച് വരികളിലുടനീളം കാണാം.

1971, ജൂലൈയിലെ ഒരു പ്രഭാതത്തില്‍ ഈ ലോകത്തിന്റെ വിണ്ഡിത്തരങ്ങളെ എല്ലാം പരിഹസിച്ചു കൊണ്ട് ജിമ്മി അത് അവസാനിപ്പിച്ചു, അല്ലെങ്കില്‍ മറ്റൊന്ന് തുടങ്ങി.

Oliver stone-ന്റെ "The Doors" തുടങ്ങുന്നത് ഇങ്ങനെയാണ്...

"Is everybody in?, Is everybody in? .... Is everybody in? The ceremony is about to begin".....

Thursday, January 14, 2010

ഇതു കൊള്ള്ാം

 

ഗൂഗിളിന്റെ മൊബൈല്‍ ബ്ലോഗ് ട്രൈ ചെയ്തോ..?

കൊള്ളാം കെട്ടോ ഈ പരിപാടി.

അതായത് ബ്ലോഗ്ഗറ് ഡോട്ട് കോമില്‍ ലോഗിന്‍ ചെയ്യാന്‍ പല ബ്ലോഗാന്‍മാര്‍ക്കും ബ്ലോഗികള്‍ക്കും സമയവും സന്ദര്‍ഭവും കിട്ടില്ല എന്ന് ഗൂഗിളിന് മനസ്സിലായെന്നു തോന്നുന്നു.

മൊബൈല്‍ ബ്ലോഗ് ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ നമുക്ക് ഒരു ഇ-മെയില്‍ അഡ്രസ്സ് ഉണ്ടാ‍ക്കാം. നമ്മുടെ കയ്യിലുള്ള ജിമെയില്‍ അക്കൌണ്ട് അല്ല. വേറെ..വേറെ...

അതിലേക്ക് നമ്മള്‍ മെയില്‍ അയക്കുമ്പോള്‍ എന്ത് സംഭവിക്കണം എന്ന് ആദ്യം തീരുമാനിക്കുക.

ഡ്രാഫ്റ്റ് ആയി സേവ് ചെയ്യണോ..? ആവാം

അല്ല നേരിട്ട് ബ്ലോഗില്‍ പോസ്റ്റ് ചെയ്യണോ.. അതും ആവാം.

പലപ്പോഴും നമുക്ക് ബ്ലോഗ്ഗറ്.കോമില്‍ ആക്സസ്സ് ഇല്ലാതെ വരാം,

അല്ലെങ്കില്‍ അതിനു മെനക്കെടാന്‍ വയ്യ.

അപ്പൊ എന്തു ചെയ്യണം..! ചുമ്മാ ഒരു മെയില്‍ അയക്കുന്നു.

അതു നമ്മുടെ ബ്ലോഗില്‍ വരുന്നു. ചിത്രങ്ങള്‍ വരണം എന്നു ആഗ്രഹമുണ്ടെങ്കില്‍ അത് അറ്റാച്ച് ചെയ്യുക.

മൊബൈലില്‍ ബ്ലോഗ്ഗറ്.കോം ലോഡ് ആവുക എന്നു പറഞ്ഞാല്‍ ഒരു ചടങ്ങാണ്. പണി പാളും.

അപ്പൊ എന്തു ചെയ്യും! ജി-മെയിലില്‍ നിന്നു ഒരു മെയിലങ്ങു കാച്ചുക. ദാ കിടക്കുന്നു ബ്ലോഗില്‍.

ഈ ഗൂഗിളിന്റെ ഒരു കാര്യം...

ഇനി മോബൈലില്‍ നിന്ന് മലയാളത്തില്‍ എഴുതാന്‍ പറ്റിയാല്‍ കിടിലമായി.

 

Sunday, August 03, 2008


നാലു ചുവരുകള്‍...
ഞങ്ങള്‍ ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിക്കുന്നു.
ഞങ്ങളുടെ സ്വപ്നങ്ങള്‍ ഈ ഇവിടെ നിന്നു തുടങ്ങുന്നു.
ഈ വായുവില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള അട്ടഹാസങ്ങളും, ദീര്‍ഘനിശ്വാസങ്ങളും വേര്‍തിരിച്ചെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ല.
നിറഞ്ഞ മദ്യക്കുപ്പികളുമായി പടികള്‍ കയറി വന്ന വിരുന്നുകാ‍ര്‍ക്ക് വേണ്ടി ഞങ്ങള്‍ പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ ഒരുക്കി വച്ചു.
ഒടുവില്‍ വിരുന്നുകാര്‍ യാത്രയാവുമ്പോള്‍ സിഗരറ്റുകുറ്റികള്‍ക്കിടയില്‍, ഒഴിഞ്ഞ മദ്യകുപ്പികള്‍ക്കിടയില്‍ ഞങ്ങള്‍ ഈ നാലു ചുവരുകള്‍ക്ക് കൂട്ടിരുന്നു...

എന്റെ ആത്മാവിന് പ്രാപ്യമായ ആഴത്തില്‍ ഉയരത്തില്‍ വിശാലതയില്‍...

സ്ക്കൂളിലെ ചെറിയ ക്ലാസ്സുകളില്‍ കണ്ടു മുട്ടുമ്പോള്‍ അവര്‍ തമ്മില്‍ മത്സരമായിരുന്നു. ആര്‍ക്കാണ് റാങ്ക്, കണക്കിന് ആര്‍ക്കാണ് മാര്‍ക്ക് കൂടുതല്‍ എന്നിങ്ങനെ...
ആണ്‍കുട്ടിയും പെണ്‍കുട്ടിയും രഹസ്യമായെങ്കിലും പരസ്പരം വിശേഷങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു.
സംസാരിച്ചു തുടങ്ങിയപ്പോള്‍, ഇഷ്ടാനിഷ്ടങ്ങള്‍ പങ്കു വെച്ചപ്പോള്‍ അവള്‍ എന്നു കൂടെ ഉണ്ടായിരുന്നെങ്കില്‍... എന്ന് അവനു തോന്നി.
കൌമാരത്തില്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ പഴയ ഭ്രമം വീണ്ടും...
ആഗ്രഹം അറിയച്ചപ്പോള്‍, ഒരു പെണ്‍കുട്ടിക്ക് സമൂഹം കല്‍പ്പിച്ചുവെച്ച അതിരുകളെ കുറിച്ച് അവള്‍ വാചാലയായി.
ഒടുവില്‍, ആണ്‍കുട്ടി തന്നെ സ്നേഹിക്കുന്നുവെന്നും “പൊന്നു പോലെ നോക്കുമെന്നും” തോന്നിയ അവള്‍ സമ്മതം മൂളി, വീട്ടുകാരുടെ സമ്മതം എന്ന നിബന്ധനതയില്‍.
അങ്ങനെ ജീവിതം ഒരു വിപ്ലവമാക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
പരസ്പരം അവര്‍ പറഞ്ഞുകൊണ്ടിരുന്നു. “ആദ്യമായല്ലല്ലോ ഇങ്ങനെ രണ്ടു പേര്‍.”
ചര്‍ച്ചകളും കവിതയും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയി കുറേക്കാലം കഴിഞ്ഞു.
ചുള്ളിക്കാടിന്റെ ‘ചിദംബരണ സ്മരണകള്‍’ പിറന്നാള്‍ സമ്മാനമായി അവനു കൊടുത്തപ്പോള്‍ അവള്‍ കുറിക്കാന്‍ മറന്നില്ല... “അടരുവാന്‍ വയ്യ നിന്‍ ഹ്രദയത്തില്‍ നിന്നേതു സ്വര്‍ഗ്ഗം വിളിച്ചാലും...”

ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രണയം തങ്ങളുടേതാണെന്ന് ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിശ്വസിച്ചു.
നെരൂദയുടെ കവിതകള്‍ അവന്‍ അവള്‍ക്ക് ചൊല്ലികൊടുക്കുമായിരുന്നു.
അവള്‍ അവന് റോസ്മേരിയുടെ കവിതകള്‍ എഴുതികൊടുത്തു. “എനിക്ക് നിന്നോട് പറയാനുള്ളത്”
മതം, സംസ്ക്കാരം, കമ്മ്യൂണിസം എല്ലാം അവര്‍ ചര്‍ച്ച ചെയ്തു.
കണ്ടു മുട്ടുന്ന വേളകളില്‍ അവളുടെ ആഴമേറിയ കണ്ണുകളിലേക്ക് നോക്കുമായിരുന്ന അവന്‍ കാണാതെ അവള്‍ സന്തോഷിച്ചു. “എന്നെ ദേവിയെന്നു വിളിക്കാനും ഒരാള്‍”

അങ്ങനെ അങ്ങനെ കുറേക്കാലം...

ഒടുവില്‍, ഒരു മഹാനഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍, ആണ്‍കുട്ടി തന്ന ആശംസാകാര്‍ഡുകളോ, ചുംബനങ്ങളോ തനിക്ക് ഒരു ജീവിതം തരില്ലെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞു.
പക്വതയില്ലാതെ എടുത്ത തീരുമാനങ്ങള്‍ പക്വമായ തീരുമാനങ്ങള്‍ക്ക് വഴിമാറണമെന്ന് അവള്‍ പറഞ്ഞു.
അവള്‍ കരഞ്ഞു. പ്രപഞ്ചത്തില്‍ തീര്‍ത്തു ഒറ്റക്കായി പോയെന്ന് തോന്നിയ അവനും കരഞ്ഞു.
കരഞ്ഞ് കരഞ്ഞ് കണ്ണ് കലങ്ങിയപ്പോള്‍, എല്ലാം നല്ലതിന് വേണ്ടിയായിരിക്കാം എന്ന് അവര്‍ സമാധാനിച്ചു.
എപ്പോഴോ... ചുള്ളിക്കാട് പറഞ്ഞ അനുഭവങ്ങള്‍ കൊണ്ടുണ്ടാകുന്ന നിസംഗ്ഗതയുടെ ആഴം അവന് അളക്കമെന്നായി.
അവര്‍ പരസ്പരം സമാധാനിപ്പിച്ചു. “ആദ്യമായല്ലല്ലോ ഇങ്ങനെ രണ്ടുപേര്‍”

ആണ്‍കുട്ടിയും പെണ്‍കുട്ടിയും തങ്ങള്‍ക്ക് സമൂഹം കല്‍പ്പിച്ചുവെച്ച അതിരുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തങ്ങളുടെ ഉയരങ്ങള്‍ തേടി യാത്രയായി...

“എനിക്ക് നിന്നോടുള്ള സ്നേഹത്തെക്കുറിച്ച് എങ്ങനെ പറയാനാണ്?
എന്റെ ആത്മാവിന് പ്രാപ്യമായ ആഴത്തില്‍, ഉയരത്തില്‍, വിശാലത്തയില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
കണ്ണീരില്‍, പുഞ്ചിരിയില്‍ ഈ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
എന്റെ മരണ ശേഷം ദൈവം അനുവദിക്കുകയാണെങ്കില്‍ ഞാന്‍ നിന്നെ ഇതിലേറെ സ്നേഹിക്കും.”

Sunday, November 26, 2006

(for Malayalam Font)

http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf


എന്‍റെ സൌഹൃദങ്ങളേ...


ഓര്‍മ്മകള്‍... നാം പരസ്പരം പകര്‍ന്നു നല്‍കിയ വീഞ്ഞു പോലെ,
ഓര്‍മ്മകള്‍...
നമ്മള്‍ എല്ലാവരും കണ്ണാടികളായിരുന്നു...
പല വലിപ്പത്തിലുള്ളവ, പല നിറങ്ങളിലും.
തെളിഞ്ഞതും, പൊട്ടിപൊളിഞ്ഞതും, മങ്ങിയതും നമുക്കിടയില്‍ ഉണ്ടായിരുന്നു.
ചിലപ്പോഴൊക്കെ, നാം സംഗീതം പൊഴിക്കുന്ന പട്ടങ്ങളായി മാറി;
പങ്കു വെക്കാന്‍ പഠിപ്പിച്ചു.
നമുക്കിടയിലുള്ളവരുടെ ‘മനസ്സിലാക്കാന്‍’ നാം മിനക്കെട്ടില്ല.
നാം ദുഃഖിക്കുക തന്നെ ചെയ്തു.
പരസ്പരം രക്തം പകര്‍ന്ന്, കണ്ണീ രൊപ്പി,
നീലക്കുറിഞ്ഞിയുടെ നിഷ്ക്കളങ്കതയോടെ പുഞ്ചിരിക്കാന്‍ നമുക്കറിയാമായിരുന്നു.
കാടിറങ്ങി വന്ന് ചെന്നായ്ക്കള്‍ കടിച്ചു വലിച്ച സ്വന്തം
മാംസത്തുണ്ടുകള്‍ കണ്ട് നിര്‍വൃതി കൊള്ളുന്നവര്‍ പോലും നമുക്കിടയില്‍ ഉണ്ടായിരുന്നു.
നാം തട്ടിപ്പറിച്ചിരുന്നത് സ്നേഹം മാത്രമായിരുന്നു..
വിരഹങ്ങളില്‍ മാത്രം നാം കരഞ്ഞു.
ഇന്നിപ്പോള്‍,
മഴയത്ത് പെട്ട എറുമ്പിന്‍ കൂട്ടത്തെപ്പോലെ നാം പരക്കം പായാന്‍ തുടങ്ങിയിരിക്കുന്നു.
കൂട്ടായ്മയോടെ നാം ഉരുട്ടിക്കൊണ്ടിരുന്ന കല്‍ക്കണ്ടകഷണം അനാഥമായി കഴിഞ്ഞു.
നാം തുരുത്തുകള്‍ ആയി മാറുകയാണോ...?
നമ്മുടെ സംഗീതം നമുക്കന്യമായി...
നാമിന്ന് കുതിരച്ചിനക്കലിന്നെ അനുകരിക്കാന്‍ ശ്രമിക്കുന്നു.

എനിക്കോര്‍ക്കാന്‍ കഴിയുന്നില്ല...
വെളുത്ത പനിനീര്‍ പൂങ്കുല സങ്കോചമില്ലാതെ ചവിട്ടിയരക്കാന്‍ നാം പഠിച്ചതെവിടുന്നാണ്...!!!