നാലു ചുവരുകള്‍...ഞങ്ങള്‍ ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിക്കുന്നു.
ഞങ്ങളുടെ സ്വപ്നങ്ങള്‍ ഈ ഇവിടെ നിന്നു തുടങ്ങുന്നു.
ഈ വായുവില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള അട്ടഹാസങ്ങളും, ദീര്‍ഘനിശ്വാസങ്ങളും വേര്‍തിരിച്ചെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ല.
നിറഞ്ഞ മദ്യക്കുപ്പികളുമായി പടികള്‍ കയറി വന്ന വിരുന്നുകാര്‍ക്ക് വേണ്ടി ഞങ്ങള്‍ പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ ഒരുക്കി വച്ചു.
ഒടുവില്‍ വിരുന്നുകാര്‍ യാത്രയാവുമ്പോള്‍ സിഗരറ്റുകുറ്റികള്‍ക്കിടയില്‍, ഒഴിഞ്ഞ മദ്യകുപ്പികള്‍ക്കിടയില്‍ ഞങ്ങള്‍ ഈ നാലു ചുവരുകള്‍ക്ക് കൂട്ടിരുന്നു...
എന്റെ ആത്മാവിന് പ്രാപ്യമായ ആഴത്തില്‍ ഉയരത്തില്‍ വിശാലതയില്‍...
സ്ക്കൂളിലെ ചെറിയ ക്ലാസ്സുകളില്‍ കണ്ടു മുട്ടുമ്പോള്‍ അവര്‍ തമ്മില്‍ മത്സരമായിരുന്നു. ആര്‍ക്കാണ് റാങ്ക്, കണക്കിന് ആര്‍ക്കാണ് മാര്‍ക്ക് കൂടുതല്‍ എന്നിങ്ങനെ...
ആണ്‍കുട്ടിയും പെണ്‍കുട്ടിയും രഹസ്യമായെങ്കിലും പരസ്പരം വിശേഷങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു.
സംസാരിച്ചു തുടങ്ങിയപ്പോള്‍, ഇഷ്ടാനിഷ്ടങ്ങള്‍ പങ്കു വെച്ചപ്പോള്‍ അവള്‍ എന്നു കൂടെ ഉണ്ടായിരുന്നെങ്കില്‍... എന്ന് അവനു തോന്നി.
കൌമാരത്തില്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ പഴയ ഭ്രമം വീണ്ടും...
ആഗ്രഹം അറിയച്ചപ്പോള്‍, ഒരു പെണ്‍കുട്ടിക്ക് സമൂഹം കല്‍പ്പിച്ചുവെച്ച അതിരുകളെ കുറിച്ച് അവള്‍ വാചാലയായി.
ഒടുവില്‍, ആണ്‍കുട്ടി തന്നെ സ്നേഹിക്കുന്നുവെന്നും “പൊന്നു പോലെ നോക്കുമെന്നും” തോന്നിയ അവള്‍ സമ്മതം മൂളി, വീട്ടുകാരുടെ സമ്മതം എന്ന നിബന്ധനതയില്‍.
അങ്ങനെ ജീവിതം ഒരു വിപ്ലവമാക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
പരസ്പരം അവര്‍ പറഞ്ഞുകൊണ്ടിരുന്നു. “ആദ്യമായല്ലല്ലോ ഇങ്ങനെ രണ്ടു പേര്‍.”
ചര്‍ച്ചകളും കവിതയും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയി കുറേക്കാലം കഴിഞ്ഞു.
ചുള്ളിക്കാടിന്റെ ‘ചിദംബരണ സ്മരണകള്‍’ പിറന്നാള്‍ സമ്മാനമായി അവനു കൊടുത്തപ്പോള്‍ അവള്‍ കുറിക്കാന്‍ മറന്നില്ല... “അടരുവാന്‍ വയ്യ നിന്‍ ഹ്രദയത്തില്‍ നിന്നേതു സ്വര്‍ഗ്ഗം വിളിച്ചാലും...”
ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രണയം തങ്ങളുടേതാണെന്ന് ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിശ്വസിച്ചു.
നെരൂദയുടെ കവിതകള്‍ അവന്‍ അവള്‍ക്ക് ചൊല്ലികൊടുക്കുമായിരുന്നു.
അവള്‍ അവന് റോസ്മേരിയുടെ കവിതകള്‍ എഴുതികൊടുത്തു. “എനിക്ക് നിന്നോട് പറയാനുള്ളത്”
മതം, സംസ്ക്കാരം, കമ്മ്യൂണിസം എല്ലാം അവര്‍ ചര്‍ച്ച ചെയ്തു.
കണ്ടു മുട്ടുന്ന വേളകളില്‍ അവളുടെ ആഴമേറിയ കണ്ണുകളിലേക്ക് നോക്കുമായിരുന്ന അവന്‍ കാണാതെ അവള്‍ സന്തോഷിച്ചു. “എന്നെ ദേവിയെന്നു വിളിക്കാനും ഒരാള്‍”
അങ്ങനെ അങ്ങനെ കുറേക്കാലം...
ഒടുവില്‍, ഒരു മഹാനഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍, ആണ്‍കുട്ടി തന്ന ആശംസാകാര്‍ഡുകളോ, ചുംബനങ്ങളോ തനിക്ക് ഒരു ജീവിതം തരില്ലെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞു.
പക്വതയില്ലാതെ എടുത്ത തീരുമാനങ്ങള്‍ പക്വമായ തീരുമാനങ്ങള്‍ക്ക് വഴിമാറണമെന്ന് അവള്‍ പറഞ്ഞു.
അവള്‍ കരഞ്ഞു. പ്രപഞ്ചത്തില്‍ തീര്‍ത്തു ഒറ്റക്കായി പോയെന്ന് തോന്നിയ അവനും കരഞ്ഞു.
കരഞ്ഞ് കരഞ്ഞ് കണ്ണ് കലങ്ങിയപ്പോള്‍, എല്ലാം നല്ലതിന് വേണ്ടിയായിരിക്കാം എന്ന് അവര്‍ സമാധാനിച്ചു.
എപ്പോഴോ... ചുള്ളിക്കാട് പറഞ്ഞ അനുഭവങ്ങള്‍ കൊണ്ടുണ്ടാകുന്ന നിസംഗ്ഗതയുടെ ആഴം അവന് അളക്കമെന്നായി.
അവര്‍ പരസ്പരം സമാധാനിപ്പിച്ചു. “ആദ്യമായല്ലല്ലോ ഇങ്ങനെ രണ്ടുപേര്‍”
ആണ്‍കുട്ടിയും പെണ്‍കുട്ടിയും തങ്ങള്‍ക്ക് സമൂഹം കല്‍പ്പിച്ചുവെച്ച അതിരുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തങ്ങളുടെ ഉയരങ്ങള്‍ തേടി യാത്രയായി...
“എനിക്ക് നിന്നോടുള്ള സ്നേഹത്തെക്കുറിച്ച് എങ്ങനെ പറയാനാണ്?
എന്റെ ആത്മാവിന് പ്രാപ്യമായ ആഴത്തില്‍, ഉയരത്തില്‍, വിശാലത്തയില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
കണ്ണീരില്‍, പുഞ്ചിരിയില്‍ ഈ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
എന്റെ മരണ ശേഷം ദൈവം അനുവദിക്കുകയാണെങ്കില്‍ ഞാന്‍ നിന്നെ ഇതിലേറെ സ്നേഹിക്കും.”